ആയുഷ്മാന് ഭവ് പ്രചാരണത്തിന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു തുടക്കം കുറിച്ചു
ഗാന്ധിനഗറിലെ രാജ്ഭവനിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആയുഷ്മാൻ ഭവ് പ്രചാരണം വെർച്വലായി ഇന്ന് (സെപ്റ്റംബർ 13, 2023) ഉദ്ഘാടനം ചെയ്തു.
ഒരു വ്യക്തിയും പിന്തള്ളപ്പെടരുത്, ഒരു ഗ്രാമവും പിറകോട്ട് പോകരുത് എന്നതാണ് ആയുഷ്മാന് ഭവ് പ്രചാരണത്തിന്റെ ലക്ഷ്യം. ആയുഷ്മാന് ഭവിലൂടെ സാര്വത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതില് നമ്മുടെ രാജ്യം വിജയിപ്പിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയും ഓരോ കുടുംബവും ആരോഗ്യത്തോടെ തുടരുകയാണെങ്കില് ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റപ്പെടുമെന്നും അവര് കൂട്ടിച്ചേര്ത്തു. ഈ ലക്ഷ്യം നേടുന്നതിന് വിവിധ മന്ത്രാലയങ്ങളുടെ സംയോജനം കൈവരിച്ചതിൽ അവർ സന്തോഷം രേഖപ്പെടുത്തി. ഇത്രയും വലിയ ലക്ഷ്യങ്ങള് കൈവരിക്കുന്നതിന് എല്ലാവരുടെയും സഹകരണം സഹായകമാകുമെന്നും അവര് പറഞ്ഞു.
എല്ലാ ഗുണഭോക്താക്കള്ക്കും ആയുഷ്മാന് കാര്ഡുകള് നൽകുന്നതും; ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് ഗ്രാമീണരെ ബോധവാന്മാരാക്കുന്നതും; ആയുഷ്മാൻ യോഗങ്ങൾ സംഘടിപ്പിക്കുന്നതും; ആയുഷ്മാൻ മേളകൾ സംഘടിപ്പിക്കുന്നതും; ആയുഷ്മാന് അപ്കെ ദ്വാര് 3.0 എന്ന സംരംഭത്തിന് കീഴില് ആഴ്ചയിലൊരിക്കല് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരുടെ സന്ദര്ശനം ക്രമീകരിക്കുന്നതും പ്രശംസനീയമായ നടപടികളാണെന്ന് രാഷ്ട്രപതി പറഞ്ഞു.
പല മേഖലകളിലും പുതിയ സാങ്കേതികവിദ്യയും പ്രവർത്തന രീതികളും സ്വീകരിക്കുന്നതിൽ ഇന്ത്യ വളരെ ഉത്സാഹത്തോടെ മുന്നേറുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. 'ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ' 2021 സെപ്റ്റംബറിൽ ആരംഭിച്ചതിൽ അവർ സന്തോഷം അറിയിച്ചു. മറ്റ് മേഖലകളെപ്പോലെ ആരോഗ്യ സേവന രംഗത്തും ഡിജിറ്റല് ഉള്ച്ചേര്ക്കലിന്റെ മാതൃക ഇന്ത്യ സ്ഥാപിക്കുമെന്ന് അവര് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആരോഗ്യ സേവനങ്ങളുടെ പൂർണമായ കവറേജ് നൽകാൻ ലക്ഷ്യമിടുന്ന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സമഗ്രമായ രാജ്യവ്യാപക ആരോഗ്യ സംരക്ഷണ സംരംഭമാണ് ആയുഷ്മാൻ ഭവ് പ്രചാരണം. 2023 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന 'സേവാ പഖ്വാഡ'യിൽ ഈ പ്രചാരണ പരിപാടി നടപ്പാക്കും.