വേനൽക്കാഴ്ചകൾ
കലണ്ടറിൽ നിന്നുമൊരു താൾ കീറുന്നു
സ്മരണയിൽ നാലാം ദിനം കുരുങ്ങുന്നു
മരങ്ങൾക്കപ്പുറം ചരിഞ്ഞു ശാന്തമാം
വിലാപമായ് നീലക്കടൽ കിടക്കുന്നു.
കറുത്ത പൊട്ടുപോലകലെ വള്ളങ്ങൾ
ധൃതിയിലെങ്ങോ പറക്കും കാക്കകൾ.
ഇരു കരങ്ങളിൽ ചുമലുയർത്തിടും
കടയ്ക്കരുകിലായ് പുകയു,മക്ഷമ.
വിയർപ്പുചാലുകളൊഴുകും കൗമാര-
കളിമിഴികളിൽ വറുതി ഗീതങ്ങൾ.
ചിരിച്ചെത്തും മഞ്ഞമലർമണിക്കുല,
ഇരുചക്രവേഗമിരമ്പും മാനസം.
തണലിൽ നീളുന്ന കറുത്ത പാതകൾ-
ക്കരികിലസ്തിത്വ വ്യഥകൾ തേങ്ങുന്നു.
മുഖാമുഖം നോക്കി മടങ്ങും പൊൻവെയിൽ,
മിഴികളിൽ യാത്രാമൊഴികൾ മങ്ങുന്നു.
ചെവിയിൽ കിന്നാരം കലമ്പും കാറ്റുമാ-
യകലേയ്ക്കു പായും ചുവപ്പുമേളങ്ങൾ.
കരളിൽ സ്നേഹത്തിൻ കിരണവുമായി-
ന്നൊരു മുഖം മാത്രം കൊഴിയാതെ നില്പൂ.
Nice👌👌👏👏💐💐